ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്ക് ഇനിയുള്ളത് വെറും 10 ദിനങ്ങളുടെ അകലം മാത്രം. 2026 ഏഷ്യാഡ് 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ജപ്പാനിലെ ഏച്ചി-നഗോയ നഗരങ്ങളില്‍ അരങ്ങേറും. 2022ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ ഇന്ത്യ 107 (പിന്നീട് 106 ആയി ചുരുങ്ങി) മെഡല്‍ സ്വന്തമാക്കിയിരുന്നു. നാലു വര്‍ഷത്തിനിപ്പുറം ഇന്ത്യയുടെ ഏഷ്യന്‍ മെഡല്‍ ഡ്രീംസ് വീണ്ടും മൂന്നക്കം കടന്നു കുതിക്കുമോ..?
ഹ്വാങ്ഷുവില്‍ മെഡല്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം നീരജ് ചോപ്ര അടക്കമുള്ള ചില താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എങ്കിലും പുതുതാരങ്ങള്‍ മെഡല്‍ വാരിക്കൂട്ടുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ കായികരംഗം. 2022ല്‍ ആണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി തികച്ചത്. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെ 107 മെഡല്‍ ഇന്ത്യ നേടി. നിയമലംഘനത്തിന്റെ പേരില്‍ ബോക്സര്‍ പ്രവീണ്‍ ഹൂഡയുടെ വെങ്കലം റദ്ദാക്കിയതോടെ ഇന്ത്യയുടെ മെഡല്‍ എണ്ണം 106ലേക്കു ചുരുങ്ങി.
ഏച്ചി-നഗോയ
മെഡല്‍ സെഞ്ചുറി എന്ന ഇന്ത്യന്‍ സ്വപ്നവുമായി 2026 ഏഷ്യന്‍ ഗെയിംസിന് അണിനിരക്കുന്നത് 503 അംഗ ജംബോ സംഘം. 265 പുരുഷന്മാരും 227 വനിതകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ 503 അംഗപട്ടിക. ഹ്വാങ്ഷുവില്‍ 661 താരങ്ങളായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്.
79 അംഗങ്ങളുള്ള അത്ലറ്റിക്സിലാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത്. അത്ലറ്റിക്സ് സംഘത്തില്‍ 10 മലയാളികളുണ്ട്.
ഷൂട്ടിംഗ് കരുത്ത്
ഹ്വാങ്ഷുവില്‍ ഇന്ത്യ ഷൂട്ടിംഗ് റേഞ്ചില്‍നിന്നു സ്വന്തമാക്കിയത് 22 മെഡല്‍. ഏറ്റവും കൂടുതല്‍ സ്വര്‍ണം (7) നേടിയതും ഷൂട്ടിംഗില്നിന്നായിരുന്നു. ജപ്പാനിലും ഷൂട്ടിംഗ് റേഞ്ചില്‍നിന്നു മെഡല്‍ മുഴങ്ങുന്നതിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്. 2024 പാരീസ് ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ വനിതാ താരം മനു ഭാകറാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയില്‍ മുന്നിലുള്ളത്. ഇഷ സിംഗ്, സുരുചി സിംഗ്, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, അനന്ദ് ജീത് സിംഗ്, രുദ്രാക്ഷ് പാട്ടീല്‍ തുടങ്ങിയവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.
നീരജ് ഇല്ലാത്ത അത്ലറ്റിക്സ്
2022 ഗ്വാങ്ഷുവില്‍ പുരുഷ ജാവലിന്‍ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്രയുടെ അഭാവം ഇന്ത്യക്കു കനത്ത പ്രഹരമാണ്. പരിക്കിനെത്തുടര്‍ന്നാണ് നീരജ് ഏഷ്യന്‍ ഗെയിംസില്‍നിന്നു വിട്ടുനില്‍ക്കുന്നത്. 2022ല്‍ ആറ് സ്വര്‍ണം അടക്കം 29 മെഡല്‍ ഇന്ത്യ അത്ലറ്റിക്സില്നിന്നു സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് താരം അവിനാഷ് സാബ്ലെ, ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗ് തോര്‍, ഹ്രസ്വദൂര ഓട്ടക്കാരിയായ പരുള്‍ ചൗധരി, മലയാളി ലോംഗ്ജംപ് താരങ്ങളായ മുരളി ശ്രീശങ്കര്‍, ആന്‍സി സോജന് എന്നിവരെല്ലാം മെഡല്‍ നേടുന്നതിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്.
അമ്പെയ്ത്ത് മുതല്‍ ബാഡ്മിന്റണ്‍ വരെ
ഗ്വാങ്ഷുവില്‍ അമ്പെയ്ത്തിലൂടെ ഇന്ത്യ അഞ്ചു സ്വര്‍ണം അടക്കം ഒമ്പതു മെഡല്‍ സ്വന്തമാക്കിയിരുന്നു. 2022ല്‍ മെഡല്‍ നേടിയ ഓജസ് ദേവതാലെ, ജ്യോതി സുരേഖ വെണ്ണം, അദിതി സ്വാമി തുടങ്ങിയവര്‍ ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലെന്നതും ശ്രദ്ധേയം. യോഗ്യത നേടാത്ത ദീപിക കുമാരി, അതാനു ദാസ് എന്നിവരുടെ അഭാവവും ഇന്ത്യയുടെ അമ്പെയ്ത്ത് സംഘത്തിന്റെ മെഡല്‍ പ്രതീക്ഷയ്ക്കു ക്ഷീണമാണ്.
ബാഡ്മിന്റണില്‍ സാത്വിക്സായ് രാജ്-ചിരാഗ് ഷെട്ടി പുരുഷ ഡബിള്‍സ് സഖ്യം നിലവിലെ സ്വര്‍ണ ജേതാക്കളാണ്. ഇവര്‍ക്കൊപ്പം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് വനിതാ ഡബിള്‍സ് സഖ്യവും ഉറച്ച മെഡല്‍ പ്രതീക്ഷതന്നെ. വ്യക്തിഗത ഇനങ്ങളില്‍ ലക്ഷ്യ സെന്‍, പി.വി. സിന്ധു തുടങ്ങിയവരും ഇന്ത്യയുടെ പ്രതീക്ഷകളാണ്.
2022ല്‍ ബോക്സിംഗ് റിംഗില്‍നിന്ന് ഇന്ത്യ മൂന്നു മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിനുശേഷമാണ് ഇന്ത്യന്‍ ബോക്സിംഗ് സംഘ ഏഷ്യന്‍ ഗെയിംസിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. മീരാബായ് ചാനു അടങ്ങുന്ന ഭാരോദ്വഹന സംഘത്തില്‍നിന്നും മെഡല്‍ പ്രതീക്ഷിക്കാം. ഏഷ്യന്‍ ഗെയിംസില്‍ മീരാബായ് ചാനുവിന് ഇതുവരെ മെഡല്‍ നേടാന്‍ സാധിച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ജ്ഞാനേശ്വരി യാദവ്, സെറാം നിരുപമ ദേവി, ഹര്‍ജീന്ദര്‍ കൗര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.അമന് സെഹ്റാവത്ത്, ആന്റിം പംഗല്‍ എന്നിവര്‍ അണിനിരക്കുന്ന ഗുസ്തിയില്നിന്നും ഇന്ത്യ മെഡല്‍ സ്വപ്നംകാണുന്നു.
ഉറച്ച സ്വര്‍ണങ്ങള്‍
പുരുഷ ഹോക്കി, പുരുഷ-വനിതാ കബഡി, പുരുഷ-വനിതാ ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ സ്വര്‍ണ ജേതാക്കളായാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. സ്വര്ണത്തില്കുറഞ്ഞ ഒന്നും ഈ ഇനങ്ങളില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നില്ലെന്നതും വാസ്തവം.
സ്ക്വാഷ്, ടേബിള്‍ ടെന്നീസ് അടക്കമുള്ള ഇനങ്ങളില്നിന്നെത്തുന്ന മെഡലുകളും ഇന്ത്യയുടെ മൂന്നക്ക സ്വപ്നത്തിനു കരുത്തേകും. 2022ല്‍ രണ്ടു സ്വര്‍ണം അടക്കം സ്ക്വാഷില്നിന്ന് എത്തിയിരുന്നു.
‘ഏഷ്യന്‍ ഗെയിംസ് സ്വർണത്തിന് 50 ലക്ഷം’
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണമെഡല്‍ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നു കായിക മന്ത്രി ഒ.ജെ. ജനീഷ്. വെള്ളി മെഡലിന് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 30 മലയാളി കായിക താരങ്ങൾക്കും മുന്‍കൂറായി ഒരു ലക്ഷം രൂപ നൽകും. വിജയികളുടെ പരിശീലകര്‍ക്കും അഞ്ചു മുതല്‍ രണ്ടുലക്ഷം വരെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.